സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

single-img
12 September 2022

തിരുവനന്തപുരം: കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ മൃതദേഹം കണ്ടെത്തി.

നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തില്‍പ്പെട്ടത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

42കാരിയായ സന്ധ്യ ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സൗപര്‍ണിക നദിയില്‍ ഒഴുക്കില്‍പ്പെട്ടത്. കുളിക്കാനിറങ്ങിയ മകന്‍ ആദിത്യനാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭര്‍ത്താവ് മുരുകനും നദിയിലേക്കിറങ്ങി. ആദിത്യനും മുരുകനും പാറയില്‍ പിടിക്കാന്‍ സാധിച്ചതിനാല്‍ രക്ഷപെട്ടു. എന്നാല്‍ സന്ധ്യയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം തെരച്ചില്‍ ആദ്യദിവസം ഫലം കണ്ടില്ല.

ഉഡുപ്പിയില്‍ നിന്ന് മുങ്ങല്‍ വിദഗദര്‍ എത്തിയിട്ടും സന്ധ്യയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി സന്ധ്യ ഒഴുക്കില്‍പ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹം വന്നടിയുകയായിരുന്നു. തീര്‍ത്ഥാടനത്തിനായി തിരുവോണ ദിവസമാണ് സന്ധ്യയുടെ കുടുംബം അടക്കം 14 അംഗ സംഘം വിളപ്പില്‍ശാലയില്‍ നിന്ന് പുറപ്പെട്ടത്.