ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഓസ്ട്രേലിയയിലെ പാര്‍ലമെന്‍റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു

single-img
25 May 2023

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിഗംഭീര വരവേല്‍പാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

എന്നാല്‍ ഇതിനൊപ്പം തന്നെ കാന്‍ബറയിലെ പാര്‍ലമെന്‍റ് ഹൌസില്‍ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നടത്തി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും. 2002ലെ ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യുമെന്‍ററിയാണ് പ്രദര്‍ശിപ്പിച്ചത്.

40 മിനിറ്റോളം നീണ്ട ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് പിന്നാലെ ഡോക്യുമെന്‍ററിയേക്കുറിച്ചുള്ള ചര്‍ച്ചയും ഇവിടെ നടന്നു. ഓസ്ടേലിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഓസ്ട്രേലിയന്‍ ഗ്രീന്‍സിന്‍റെ സെനറ്റര്‍ ജോര്‍ദന്‍ സ്റ്റീലെ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ് എന്നിരും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്‍റെ മകള്‍ ആകാശി ഭട്ട് എന്നിവരടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങഅകെടുത്തത്. ഇന്ത്യയില്‍ സത്യം പറയുന്നത് കുറ്റമാണെന്നും നിലവിലെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്താണെന്നതിന്‍റെ ചെറിയ ചിത്രമാണ് ഡോക്യുമെന്‍ററി മുന്നോട്ട് വയ്ക്കുന്നതെന്നും സെനറ്റര്‍ ഡേവിഡ് ഷൂ ബ്രിഡ്ജ് പ്രതികരിച്ചത്. ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ വംശജര്‍ ഇതിനേക്കുറിച്ച്‌ തുറന്ന് സംസാരിക്കാത്തത് ബന്ധുക്കളുടെ സുരക്ഷയേക്കരുതിയാണെന്നും ഗുരുതര ആരോപണമാണ് സെനറ്റര്‍ ഡേവിഡ് ഡോക്യുമെന്‍ററിക്ക് പിന്നാലെ നടത്തിയത്.

പ്രധാനമന്ത്രിയോട് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളേക്കുറിച്ച്‌ സംസാരിക്കാന്‍ ഓസ്ട്രേലിയന്‍ പ്രാധാനമന്ത്രി ശ്രമിച്ചില്ലെന്നാണ് സെനറ്റര്‍ ജോര്‍ദന്‍ പ്രതികരിച്ചു. അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണത്തിന് കരാറായി. പതിനൊന്ന് വിഷയങ്ങളെ സംബന്ധിച്ച്‌ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടന്നെന്നാണ് വിദേശകാര്യമന്ത്രാലയം വിശദമാക്കിയത്.

ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിലും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയെ ആശങ്ക അറിയിച്ചതായും ഇത്തരം ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും വിദേശകാര്യമന്ത്രാലയം വിശദമാക്കിയിരുന്നു. ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലെ സൈനിക, ഊര്‍ജ്ജ, സാംസ്കാരിക സഹകരണം ശക്തമാക്കാൻ ഇരു പ്രധാനമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും കുടിയേറ്റത്തിന് സഹായകരമാകുന്ന പുതിയ ഉടമ്ബടി ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുകയും ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്.