അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസ് എടുത്തു

single-img
24 February 2023

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസ് എടുത്തു. മര്‍ദ്ദനമേറ്റ വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് വിനീതിന്റെ മൊഴി. പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജസ്റ്റിനും കൂട്ടാളിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വിനീതിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

അടിമാലി മഹദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് ആദിവാസിയായ വിനീതിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. ചെണ്ടമേളത്തിനിടെ ഇരുവരും തമ്മില്‍ മദ്യ ലഹരിയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദ്ദനം ഭയന്ന് ബീനിഷ് ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഓടിക്കറി. ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിനും സംഘവും എത്തിയതോടെ ക്ഷേത്ര മുറ്റത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. മദ്യ ലഹരിയില്‍ ആദിവാസി യുവാവ് കത്തി വീശുകയും ചെയ്തു.

ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച്‌ ജസ്റ്റിനൊപ്പമുണ്ടായിരുന്ന സഞ്ജുവും വിനീതിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ക്ഷേത്രാചാര പ്രകാരം ചടങ്ങുകള്‍ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയില്‍ ജസ്റ്റിന്‍, സജീവന്‍, സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചതില്‍ പോലീസ് കേസെടുത്തില്ല. സംഭവത്തിനു ശേഷം ക്ഷേത്ര ഭാരവാഹികള്‍ വിനീതിനെ പോലീസിലേല്‍പ്പിച്ചിരുന്നു. പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏഴു ദിവസത്തിനകം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്കും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിനു ശേഷം വനത്തിനുള്ളില്‍ വിനീത് ജോലിക്ക് പോയതിനാല്‍ സംഭവം വിവാദമായപ്പോള്‍ പൊലീസിന് ഉടനടി മൊഴി രേഖപ്പെടുത്തി കേസെടുക്കാനും സാധിച്ചില്ല.