കൂട്ടബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ അതിജീവിതയുടെ വീടിന് തീയിട്ടു

single-img
19 April 2023

ഉന്നാവോ: കൂട്ടബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികള്‍ അതിജീവിതയുടെ വീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.

14 വയസ്സുകാരിയുടെ വീടിനാണ് തീയിട്ടത്. വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിക്ക് ബലാത്സംഗത്തെ തുടര്‍ന്ന് ജനിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമാണ്. 14കാരിയുടെ മൂന്ന് മാസം പ്രായമുള്ള സഹോദരിക്കും പൊള്ളലേറ്റു. കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ കുടുംബം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

“2022 ഫെബ്രുവരി 13നാണ് മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. അമന്‍, സതീഷ്, അരുണ്‍ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ സതീഷിനും അരുണിനും ജാമ്യം ലഭിച്ചു. രണ്ടു മാസം മുന്‍പാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച ഇരുവരും കൂട്ടാളികളുമായി എത്തി പെണ്‍കുട്ടിയുടെ വീടിന് തീയിടുകയായിരുന്നു”- എ.ഡി.എം നരേന്ദ്ര കുമാര്‍ വ്യക്തമാക്കി.