ഇത് കെ. സി മാജിക്ക്; കേരളത്തിലെ ഓരോ സീറ്റിലെ വിജയത്തിലും ആ കയ്യൊപ്പ് പതിഞ്ഞു കാണാം

single-img
4 June 2024

ആദ്യമാദ്യം മാധ്യമപ്രവർത്തകർക്കെല്ലാം അത്ഭുതമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം സ്ഥാനാർത്ഥികളെല്ലാം കളത്തിലിറങ്ങി. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാം അണിനിരന്നു; എന്നാൽ 18 മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങിയത്.

രാഹുൽ ഗാന്ധിക്ക് ഇന്ത്യയൊട്ടാകെ ഓടി നടന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതിനാൽ അദ്ദേഹത്തിനു വേണ്ടി മറ്റു ദേശീയ നേതാക്കളാണ് വയനാട്ടിൽ കളം നിറഞ്ഞത്. ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കേരളത്തിലുള്ള സമയത്തിൽ ഏറെയും വയനാട്ടിലുൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിലായിരുന്നു.

ഇലക്ഷൻ്റെ ആദ്യ ഘട്ടങ്ങളിൽ മാധ്യമ പ്രവർത്തകർ ആലപ്പുഴയിലെ സ്ഥാനാർത്ഥിയെ അന്വേഷിച്ചാൽ അദ്ദേഹം ഡൽഹിയിലും മുംബൈയിലും ചെന്നൈയിലുമായിരിക്കും. പ്രചാരണ പ്രവർത്തനത്തിൽ പങ്കെടുക്കാതെ എങ്ങനെയെന്ന് പ്രാദേശിക നേതാക്കളുടെ ആശങ്ക വേറെയും.

എന്നാൽ തന്നിൽ അർപ്പിതമായ വലിയ ഉത്തരവാദിത്വം എന്തെന്ന് കൃത്യമായ ബോധ്യം കെ.സി വേണുഗോപാലിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ദൗത്യം നിർവഹിക്കുന്നതിനായി അദ്ദേഹം കൂടുതൽ സമയം മാറ്റിവെച്ചു. കോൺഗ്രസ് മത്സരിച്ച 300 ലേറെ സീറ്റുകളിൽ സ്ഥാനാർത്ഥിനിർണയം വലിയ വെല്ലുവിളിയായിരുന്നു. അതിലേറെ തലവേദന ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനമായിരുന്നു. ഉദ്ധവ് താക്കറെയും അഖിലേഷ് യാദവും തേജസ്വി യാദവും കടുംപിടുത്തം തുടർന്നതോടെ സീറ്റ് നിർണയം തന്നെ കീറാമുട്ടിയായി.

അവയെല്ലാം പരിഹരിക്കുക എന്നതായിരുന്നു ആദ്യ കടമ്പ ; പിന്നാലെ കോൺഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നേരിട്ട് പങ്കെടുത്ത് സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കി അവ പ്രഖ്യാപിക്കലും. ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുക എന്നതായിരുന്നു അടുത്ത ദൗത്യം. രാഹുൽ ഗാന്ധി വിഭാഗം ചെയ്ത ന്യായ് പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമ പരിപാടികൾ മുൻനിർത്തി മാനിഫെസ്റ്റോ പുറത്തിറക്കാനും അത് കാര്യക്ഷമമായ പ്രചരണ ഉപാധിയാക്കാനും കെ.സിക്ക് സാധിച്ചു.

കോൺഗ്രസിന് ലോക്സഭയിൽ പരമാവധി അംഗങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ തവണ കേരളത്തിൽ കൈവിട്ട ഏക മണ്ഡലമായ ആലപ്പുഴയിൽ കെ.സി തന്നെ രംഗത്തിറങ്ങിയത്. സിറ്റിംഗ് സീറ്റല്ലാത്തതിനാൽ തന്നെ ഏറെ അധ്വാനിക്കേണ്ടി വരുമെന്ന അഭിപ്രായം നേതാക്കൾക്ക് ഉണ്ടായിരുന്നു. എന്നാൽ തൻ്റെ വ്യക്തിപരമായ കാര്യങ്ങൾ എല്ലാം മാറ്റിവെച്ചാണ് ഡൽഹിയിലുൾപ്പെടെ തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിർവഹിക്കാൻ കെ.സി തയ്യാറായതെന്ന് കാണാം.

ഓരോ സംസ്ഥാനത്തെയും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി അവരെ പ്രഖ്യാപിക്കുക എന്നത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ അർപ്പിതമായ കർത്തവ്യമായിരുന്നു. സംസ്ഥാന ഘടകങ്ങളിൽ നിലനിന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇതിനിടയിൽ സമയം കണ്ടെത്തേണ്ടി വന്നു. ഇന്ത്യ മുന്നണിയുടെ റാലികളും കെജരിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭവും എല്ലാം ഇതിനിടയിൽ വന്നു പോയി.

ഓരോ സംസ്ഥാനത്തിനും അനുയോജ്യരായ താര പ്രചാരകരെ രംഗത്തിറക്കാനും ഏകോപനങ്ങൾ നടത്താനും വേണുഗോപാൽ മുൻകൈയെടുത്തു. ഇതിനിടയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വന്നത് ഉൾപ്പെടെ ചുരുക്കം ദിവസങ്ങളിൽ മാത്രമായിരുന്നു ആലപ്പുഴയിൽ ഉണ്ടായിരുന്നത്. 1996 മുതൽ തന്നെ ഹൃദയത്തോട് ചേർത്ത ആലപ്പുഴയുടെ മനസ്സ് എന്നും കൂടെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. എങ്കിലും തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ അദ്ദേഹം ആലപ്പുഴയിൽ ജനങ്ങൾക്കൊപ്പം ചെലവഴിച്ചു.

ദേശീയ നേതാവ് എന്ന നിലയിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയ കെ.സി, തനിക്കൊപ്പം മത്സരിച്ച കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കെല്ലാം വേണ്ടി പ്രചാരണം നടത്തി. അഹമ്മദ് പട്ടേലും അശോക് ഗെഹ്ലോട്ടും ഉൾപ്പെടെയുള്ള ഹിന്ദി ബെൽട്ടിലെ തലയെടുപ്പുള്ള നേതാക്കൾ കൈകാര്യം ചെയ്ത സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദവി കൂടുതൽ വിശാലമായ സംഘടനാ ബോധത്തോടെ കൈകാര്യം ചെയ്യാൻ സാധിച്ചതിൽ കെ.സിക്ക് അഭിമാനിക്കാം. കേരളത്തിലെ ഓരോ സീറ്റിലെ വിജയത്തിലും ആ കയ്യൊപ്പ് പതിഞ്ഞു കാണാം.