തന്ത്രി ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലയളവിൽ തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ദേവസ്വം ബോർഡ് കട്ടിളകൾ കൊണ്ടുപോയപ്പോൾ തന്ത്രി എന്ന നിലയിൽ അത് തടയാൻ കഴിയില്ലായിരുന്നുവെന്നും, ശബരിമലയിൽ ആചാരലംഘനം നടത്തിയിട്ടില്ലെന്നും, ഗൂഢാലോചനയിൽ പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തന്ത്രിയുടെ ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലൻസ് കോടതിയാണ് പരിഗണിക്കുക. തന്ത്രിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിനെ അറിയിച്ചു. ജഡ്ജിയുടെ ക്വാർട്ടേഴ്സിലാണ് തന്ത്രി രാജീവരെ ഹാജരാക്കിയതിനു ശേഷം കോടതി റിമാൻഡ് ഉത്തരവിട്ടത്.
ഇന്ന് രാവിലെയാണ് ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വൈകിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം തന്ത്രിയെ കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു.


