ദില്ലിയില്‍ ഭീകരവാദികള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീഡിയോ പാകിസ്ഥാനിലേക്ക് അയച്ചു

single-img
16 January 2023

ദില്ലി: ദില്ലിയില്‍ ഭീകരവാദികള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീഡിയോ പാകിസ്ഥാനിലേക്ക് അയച്ചതായി പൊലീസ്.

കൊല്ലപ്പെട്ട ആളുടെ വിവരങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. തൃശൂല്‍ ടാറ്റൂ പതിച്ച ഇയാളുടെ കൈയും ലഭിച്ചു. ഏകദേശം 21 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നും ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കൊലപാതകികളുമായി സൗഹൃദമുണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ജഗജിത് സിങ്(ജഗ്ഗ), നൗഷാദ് എന്നിവര്‍ പിടിയിലായി. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍ അന്‍സറിന്റെ പ്രവര്‍ത്തകനായ സൊഹൈലാണ് സ്വാധീനമുള്ള ഹിന്ദുക്കളെ കൊല്ലാന്‍ നൗഷാദിനെ ചുമതലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി ജഗ്ജിത് സിങ്ങിനോട് സിഖ് വിഘടനവാദി സംഘടനയായ ഖാലിസ്ഥാന്റെ പ്രവര്‍ത്തകനാണ്. നിലവില്‍ കാനഡയിലുള്ള ഖാലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ലയുമായി ജഗ്ജിത് സിംഗ് ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന് ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലവും ലഭിച്ചു.

ഡിസംബര്‍ 14-15 തീയതികളില്‍ വടക്കുകിഴക്കന്‍ ദില്ലിയിലെ ഭല്‍സ്വ ഡയറിയിലുള്ള നൗഷാദിന്റെ വീട്ടിലേക്ക് 21 കാരനെ കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു. പിന്നീട് തലയറുത്ത് മൃതദേഹം എട്ട് കഷണങ്ങളാക്കി. തലവെട്ടുന്നതിന്റെ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സൊഹൈലിന് അയച്ചുകൊടുത്തതായി ഇവര്‍ അറിയിച്ചു. ഭല്‍സ്വയിലെ വീട്ടില്‍ മനുഷ്യരക്തം കണ്ടെത്തിയ പൊലീസ് വ്യക്തമാക്കി. ഇരുവരും മറ്റേതെങ്കിലും കൊലപാതകം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ഖാലിസ്ഥാന്‍ ഭീകരരും പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച്‌ ഇരുവരും ചേര്‍ന്ന് വീട് വാടകയ്‌ക്കെടുക്കുകയും കൊലപാതകത്തിന് ഇരുവരെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകവും പിടിച്ചുപറിയും ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയിലില്‍ കഴിയുകയായിരുന്ന നൗഷാദ് അവിടെവെച്ചാണ് സൊഹൈലിനെ കണ്ടുമുട്ടിയത്. ജയിലില് വെച്ച്‌ ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി ആരിഫ് മുഹമ്മദിനെയും കണ്ടു. സൊഹൈല്‍ പിന്നീട് പാ കിസ്ഥാനിലേക്ക് പോയി. 2022 ഏപ്രിലില്‍ ജയില്‍ മോചിതനായ ശേഷം നൗഷാദ് സൊഹൈലുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.