സർവകലാശാലാ പ്രവേശന പരീക്ഷ എഴുതുന്നതിന് പെൺകുട്ടികൾക്ക് വിലക്കുമായി താലിബാൻ

single-img
29 January 2023

അഫ്​ഗാനിസ്താനിൽ സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭാസം വിലക്കിയ പിന്നാലെ പെൺകുട്ടികൾക്ക് സർവകലാശാലാ പ്രവേശന പരീക്ഷ എഴുതുന്നതിനും വിലക്കുമായി താലിബാൻ ഭരണകൂടം . രാജ്യത്ത് അടുത്തമാസം ആരംഭിക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

വിഷയത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികൾ പ്രവേശന പരീക്ഷകൾ എഴുതാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാ സർവകലാശാലകൾക്കും താലിബാൻ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രാലയം നോട്ടീസ് അയച്ചു. ഇതോടുകൂടി പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്കും ഇനി രജിസ്റ്റർ ചെയ്യാനുള്ളവർക്കും അതെഴുതാനാവില്ല.

അതേസമയം, കഴിഞ്ഞ ഡിസംബറിലാണ് താലിബാൻ ഭരണകൂടം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സ്ത്രീകൾക്കും കോളജ്- സർവകലാശാല വിദ്യാഭ്യാസം വിലക്കി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപുറമെ ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതും പൂർണമായി നിരോധിച്ചിരുന്നു.