കേരളത്തിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

single-img
27 October 2022

സംസ്ഥാനത്തു വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെ നിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് പന്നിപ്പനിയും സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവുകളെ കൊന്ന് തുടങ്ങി. രണ്ടായിരത്തോളം താറാവുകളെയാണ് ഹരിപ്പാട് മാത്രം കൊല്ലുന്നത്.

നേരത്തെ കർണാടകയിലെ കുടക് ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. മടിക്കേരിയിലെ ഗലിബീഡു ഗ്രാമത്തിലെ സ്വകാര്യവ്യക്തിയുടെ പന്നിഫാമിലാണ് രോഗം റിപ്പോർട്ട് ചെയ്തതെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണർ ബി.സി. സതീഷ് അറിയിച്ചു.