തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല ; അദ്ദേഹത്തിന് നല്ലത് സിനിമാ അഭിനയം തന്നെ: ഇപി ജയരാജൻ

single-img
3 June 2024

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മികച്ച നേട്ടം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

അതേപോലെതന്നെ തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും അദ്ദേഹത്തിന് നല്ലത് സിനിമാ അഭിനയം തന്നെയാണെന്നും ഇപി പരിഹസിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോളിന് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു.

ശരിയായ രീതിയിലുള്ള ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോൾ. ഇടതുപക്ഷ വിരുദ്ധ മനോഭാവം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഇപി വിമർശിച്ചു. സംസ്ഥാനത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.