സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചനമാറിയിച്ചു സുരേഷ് ഗോപി

single-img
22 February 2023

നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ നടനും എം.പിയുമായ സുരേഷ് ഗോപി. കരള്‍ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സുബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ വേഗത്തിലാക്കാന്‍ സുരേഷ് ഗോപി ഇടപെട്ടിരുന്നു. സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ലെന്നും മരണം ഒഴിവാക്കാന്‍ സുഹൃത്തുക്കള്‍ പരമാവധി ശ്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

”കല്‍പ്പനയ്ക്ക് ഒരു അനുജത്തി ആരാണെന്ന് ചോദിച്ചാല്‍, ഒരു കലാകാരി എന്ന നിലയില്‍ മൂന്ന് നാല് പേരുകളിലൊരാളായി ഞാന്‍ സുബിയുടെ പേര് പറയും. ഒരു തീരാനഷ്ടമെന്നോ അകാലത്തിലോ എന്ന് പറയുന്നതിനപ്പുറം സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല.

വളരെ ഊര്‍ജ്ജസ്വലമായി ജോലി ചെയ്ത് സ്വന്തം കുടുംബത്തെ കഷ്ടപ്പാടുകളില്‍ നിന്ന് കരകയറ്റി നല്ല ജീവിതനിലവാരത്തിലേക്ക് കൊണ്ടുവന്നയാളാണ് സുബി. താന്‍ ചെയ്യുന്ന ജോലി കൃത്യമായി ചെയ്യുമായിരുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളുമായുള്ള ടെലിവിഷന്‍ പരിപാടികളൊക്കെ ശ്രദ്ധനേടിയിരുന്നു. കലാലോകത്തിന് ഇനിയും സുബിയില്‍ നിന്ന് ഒരുപാട് സംഭാവനകള്‍ ലഭിക്കേണ്ടിയിരുന്നു. പ്രകടനത്തിന്റെയുംപ്രതിഭയുടെ കാര്യത്തിലും മാതൃകയാക്കേണ്ട കലാകാരിയായിരുന്നു. സുബിയുടെ മരണം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു. അതിന് ഒരുപാട് സുമനസ്സുകള്‍ കൂടെ നിന്നു. എറണാകുളം കളക്ടടര്‍ രേണു രാജ്, ടിനി ടോം, ഗിന്നസ് പക്രു, നാദിര്‍ഷ അങ്ങനെ മിമിക്രി ലോകത്തെ ഒരുപാടാളുകള്‍ ഒപ്പമുണ്ടായിരുന്നു”- സുരേഷ് ഗോപി പറഞ്ഞു.

ഇരുപത് ദിവസത്തോളമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കിയപ്പോഴേക്കും ആരോഗ്യ സ്ഥിതി മോശമായി. വൃക്കയില്‍ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടി. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.