വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

single-img
1 May 2023

വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകര്‍ച്ച നേരിട്ട വിവാഹ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച്‌ വേര്‍പെടുത്താമെന്നും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാലയളവ് വ്യവസ്ഥകള്‍ക്ക് വിധേയമായി ഒഴിവാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എപ്പോഴാണ് ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ച്ചയുണ്ടാകുന്നതെന്ന് നിര്‍ണയിക്കാന്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് പറഞ്ഞു. മെയിന്റനന്‍സ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിര്‍ണയം എങ്ങനെ സന്തുലിതമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച്‌ സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ച പ്രധാന വിഷയം. പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയാന്‍ തീരുമാനിച്ച ദമ്ബതികളെ നിയമനടപടികള്‍ക്കായി കുടുംബ കോടതികളിലേക്ക് റഫര്‍ ചെയ്യാതെ വിവാഹമോചനം നല്‍കാനും തീരുമാനിച്ചു. അതേസമയം, വാദത്തിനിടെ വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയുടെ പേരില്‍ വിവാഹങ്ങള്‍ വേര്‍പെടുത്താന്‍ കഴിയുമോ എന്ന വിഷയവും പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.

ഏഴ് വര്‍ഷം മുമ്ബ് ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിംഗ്, ആര്‍ ഭാനുമത) എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറിയത്. വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2022 സെപ്റ്റംബര്‍ 29ന് വിധി പറയാന്‍ മാറ്റി.