പാലസ്‌തീന് പിന്തുണ നൽകി; സിനിമാ സീരീസില്‍ നിന്ന് മെക്സിക്കന്‍ നടി മെലിസ ബറേറയെ ഒഴിവാക്കി
പാലസ്‌തീന് പിന്തുണ അറിയിച്ചതിന്റെ പേരില്‍ സ്‌ക്രീം സിനിമാ സീരീസില്‍ നിന്ന് മെക്സിക്കന്‍ നടി മെലിസ ബറേറയെ ഒഴിവാക്കി സ്പൈഗ്ലാസ് മീഡിയ. സോഷ്യല്‍ മീഡിയയിലാണ് ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടി ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചത്.
ഗാസയിൽ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും നടി ആരോപിച്ചു. ‘എല്ലാ വശത്തു നിന്നും ഒതുക്കി ഗസ്സയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണ് ഇസ്രായേൽ പരിഗണിക്കുന്നത്. അവര്‍ക്ക് എവിടേക്കും പോകാനാകുന്നില്ല. വെള്ളവും വൈദ്യുതിയുമില്ല. നമ്മുടെ ചരിത്രത്തില്‍നിന്ന് ആളുകള്‍ ഒന്നും പഠിച്ചിട്ടില്ല. ജനം സംഭവിക്കുന്നതെല്ലാം നിശ്ശബ്ദമായി നോക്കി നില്‍ക്കുകയാണ്. ഇത് കൂട്ടക്കൊലയാണ്. വംശഹത്യയാണ്’ – ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയില്‍ എഴുതിയ കുറിപ്പില്‍ അവര്‍ പറഞ്ഞു.
ഇസ്രായേലിലെ ജനമല്ല അവിടത്തെ ഭരണകൂടമെന്നും അവര്‍ പറയുന്നു. എല്ലാ ഫലസ്തീനികളും ഹമാസ് അല്ല എന്നതു പോലെ എല്ലാ ഇസ്രായേലികളും ഇസ്രായേല്‍ ഗവണ്‍മെന്റിനെ അനുകൂലിക്കുന്നില്ല. ചിലര്‍ ചെയ്യുന്ന കാര്യത്തിന് ഒരു കൂട്ടത്തെ കുറ്റപ്പെടുത്തുന്നില്ല, വെറുക്കുന്നുമില്ല.
ബുദ്ധിമുട്ടുള്ള സമയത്ത് ജൂതര്‍ക്കൊപ്പം നിന്നയാളാണ് താന്‍. അവർ അനുഭവിക്കുന്ന വേദനയും ഭയവും ഉള്‍ക്കൊണ്ടിട്ടുണ്ട്. ആരും പീഡനത്തിന് വിധേയരാകരുത്. സര്‍ക്കാര്‍ ചെയ്യുന്നത് എല്ലാ ഇസ്രായേലികളും അനുകൂലിക്കുന്നില്ല എന്നറിയാം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു- അവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.