അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന്‍ 

single-img
3 June 2023

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.  അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍  രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്ന് സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്‍ പറഞ്ഞത്: ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്‌നലിംഗ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും അപകടം ഉണ്ടാകുകയും ദുരന്തത്തിന്റെ ആഘാതം കൂടുകയും ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍  രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണ്. ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരാഞ്ജലികള്‍.”

അതേസമയം, ട്രെയിന്‍ അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.

ട്രെയിന്‍ അപകടത്തെ  തുടര്‍ന്നുള്ള മരണം 280ലെത്തിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. ഒരു കോച്ചിനകത്ത് ഇനിയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും രക്ഷാപ്രവര്‍ത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോള്‍ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അശ്വിനി വൈഷ്ണവ് വിശദമാക്കി.