കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഹൈക്കോടതി

single-img
13 April 2024

സംസ്ഥാനത്തെ സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധമാണെന്ന് ഹൈക്കോടതി. സംസ്ഥാന വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി.

ഈ കാര്യത്തിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം.

അടുത്ത നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം തേവായൂർ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ആണ് നിർദ്ദേശം.