മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ; സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

single-img
15 September 2022

സിപിഎം പോളിറ്റ് ബ്യുറോ യോ​ഗത്തിൽ പങ്കെടുക്കാനായി ഇന്ന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ. നായ മുഖ്യമന്ത്രിയുടെ സമീപം എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് മുഖ്യമന്ത്രി എകെജി ഭവനിലെത്തിയപ്പോഴാണ് സംഭവം. അതേസമയം, സംസ്ഥാനത്തെ തെരുവ് നായാ ആക്രമണങ്ങൾ രൂക്ഷമായതോടെ കേരളാ ഹൈക്കോടതിയും രം​ഗത്തുവന്നിട്ടുണ്ട്. നായകൾ ഉപദ്രവിക്കുന്നതിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

അക്രമകാരികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണം. സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ നാളേയ്ക്കകം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.