ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിന് പെറ്റിയടിച്ച എസ്ഐക്ക് സ്ഥലംമാറ്റം

single-img
25 August 2023

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും. സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിൻ്റെ പരാതിയിലാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനിൽ വച്ച് എസ്ഐ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവ് നിധിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ചാണ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്. പിന്നാലെ ഇന്നലെ രാത്രിയോടെ സ്റ്റേഷൻ ചുമതലയിൽ നിന്നും മാറി നിൽക്കാൻ എസ്ഐ അഭിലാഷിനോട് ആവശ്യപ്പെട്ടിരുന്നു. എസ്ഐമാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവർ മിഥുൻ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എസ് ഐക്കെതിയായ നടപടിയിൽ സേനയിൽ വ്യാപക അമർഷമാണ് ഉയരുന്നത്. 

അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, എഫ്ഐആറിൽ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകളില്ല. ചൊവ്വാഴ്ച രാത്രി രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രസിദ്ധീകരിച്ചത് അൽപ സമയം മുമ്പാണ്. തടഞ്ഞ് വയ്ക്കുക, സംഘം ചേരുക, അസഭ്യം പറയുക, ജോലി തടസ്സപ്പെടുക തുടങ്ങി ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് എഫ്ഐആറില് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.