നാരായണ്‍ റാണെ, സുവേന്ദു അധികാരി വരെ; ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അഴിമതി കേസുകളിൽ നിന്നും രക്ഷപ്പെട്ടവർ: ലിസ്റ്റുമായി ശശി തരൂർ

single-img
28 February 2023

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കു പിന്നാലെ ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തെ ശക്തമായി വിമര്‍ശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. ബിജെപിയിലേക്ക് കൂറുമാറിയ ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെട്ട രാഷ്ട്രീയക്കാരുടെ പട്ടിക പങ്കുവെച്ച് കൊണ്ടാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തരൂർ രംഗത്തെത്തിയത്.

കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായൺ റാണെ, കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ലോക്‌സഭാ എംപി ഭാവന ഗവാലി, ശിവസേന നേതാവ് യശ്വന്ത് ജാദവ്, ബൈകുല്ല എംഎൽഎ യാമിനി ജാദവ്, ഒവാല- മജിവാഡ എംഎൽഎ പ്രതാപ് സർനായിക്ക് എന്നിവർക്കെതിരെയുള്ള കേസുകൾ എന്തായി എന്നാണ് ശശി തരൂർ ട്വിറ്റര് വഴി ചോദിച്ചത്.

അതെ സമയം മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.