ഖത്തര്‍ തടവിലാക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിട്ടയച്ചതില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഷാരൂഖ് ഖാന്‍

single-img
13 February 2024

ചാരവൃത്തിയുടെ പേരിൽ ഖത്തര്‍ തടവിലാക്കിയ എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ വിട്ടയച്ചതില്‍ തനിക്ക് പങ്കുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ . ചാരപ്രവര്‍ത്തനം നടത്തിയതിന് തടവിലാക്കപ്പെട്ട എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ മോചിപ്പിക്കാന്‍ ഖത്തര്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ഷാരൂഖ് സഹായിച്ചതായി മുന്‍ രാജ്യസഭാ എംപിയും ബിജെപി വിമത നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു.

‘ഖത്തറിലെ ഷെയ്ഖുമാരെ അനുനയിപ്പിക്കുന്നതില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പരാജയപ്പെട്ടതിനാല്‍, പ്രധാനമന്ത്രി മോദി ഖത്തറിലേക്ക് സിനിമാ താരം ഷാരൂഖ് ഖാനെ കൊണ്ടുപോകണം, വിഷയത്തില്‍ ഇടപെടാന്‍ ഖാനോട് മോദി അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് നമ്മുടെ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ഖത്തര്‍ ഷെയ്ഖുമാരില്‍ നിന്ന് ചെലവേറിയ ഒത്തുതീര്‍പ്പ് ലഭിച്ചത്,’ എക്സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റിന് മറുപടിയായി സ്വാമി പറഞ്ഞു.

ഈ അഭിപ്രായം വിവാദമായതോടെ മുന്‍ ബിജെപി നേതാവിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മീഡിയ ടീം പ്രസ്താവനയിറക്കുകയായിരുന്നു. ‘ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ചതില്‍ ഷാരൂഖ് ഖാന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച്, ഷാരൂഖ് ഖാന്റെ ഓഫീസ് പറയുന്നത്, അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള അത്തരം ഏതെങ്കിലും വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ മിസ്റ്റര്‍ ഖാന്റെ പങ്കാളിത്തം അസന്ദിഗ്ധമായി നിഷേധിക്കുന്നു,’ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ഡാഡ്ലിനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘രാജ്യത്തിന്റെ നയതന്ത്രമടക്കം എല്ലാ കാര്യങ്ങളും ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്നത് വളരെ കഴിവുള്ള നേതാക്കളാണ്. മറ്റ് പല ഇന്ത്യക്കാരെയും പോലെ മിസ്റ്റര്‍ ഖാനും നാവിക ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നതില്‍ സന്തോഷമുണ്ട്, അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു,’ പ്രസ്താവനയില്‍ പറയുന്നു.