ഇന്‍സ്റ്റഗ്രാമിലൂടെ സെക്‌സ്‌ചാറ്റ്; യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍

single-img
25 May 2023

അടിമാലി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍.

കോഴിക്കോട് സ്വദേശിനി ശരണ്യ (20), മലപ്പുറം സ്വദേശി അര്‍ജുൻ (22) എന്നിവരാണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയം സ്ഥാപിച്ച്‌ യുവാവുമായി സെക്‌സ് ചാറ്റ് നടത്തി. തുടര്‍ന്ന് ചാറ്റ് പുറത്തു വിടുമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി മര്‍ദിച്ച ശേഷം പണം തട്ടിയെന്നാണ് പരാതി.

ശരണ്യ ആവശ്യപ്പെട്ട പ്രകാരം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലു പേര്‍ ആക്രമിച്ച്‌ പണവും എടിഎം കാര്‍ഡും തട്ടിയെടുത്തു. ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ച്‌ പിൻ നമ്ബര്‍ വാങ്ങി എടിഎമ്മില്‍ നിന്നും 4500 രൂപ പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ശരണ്യയുടെ സുഹൃത്ത് അര്‍ജുൻ യുവാവിനെ വീണ്ടും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി 2000 രൂപ യുപിഐ ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നു തന്നെ യുവാവിനെ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി.

തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. ചൊവ്വാഴ്‌ച 25,000 രൂപ നല്‍കണമെന്ന്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്‌. ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ മറ്റ് പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.