സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ;തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിൽ ഇന്നു മുതല്‍ പ്രത്യേക ക്രമീകരണങ്ങൾ

single-img
16 December 2022

പത്തനംതിട്ട: തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിലെ ഇന്നു മുതല്‍ പ്രത്യേക ക്രമീകരണങ്ങളുമായി പൊലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ അനുവദിക്കും.

ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളും പരാതികളും പരിഹരിച്ച്‌ തിരക്ക് നിയന്ത്രിക്കനുള്ള ശ്രമത്തിലാണ് പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തിയാവും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നതിന് പുറമെ സന്നിധാനത്തും പമ്ബയിലും മറ്റ് ഇടങ്ങളിലുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. ഇതിലൂടെയെല്ലാം തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പൊലീസ് കണക്കു കൂട്ടുന്നത്.

ധനു മാസത്തിലെ ഒന്നാം തിയതിയായ ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്ന 93456 പേര്‍ക്കും മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ സന്നിധാനത്ത് എത്താനായാല്‍ പൊലീസിന്റെ ക്രമീകരണങ്ങള്‍ വിജയിക്കും.