ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ

single-img
30 March 2023

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനിടെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താനുള്ള സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനം.

ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോത്പന്നങ്ങളുടെ സാമ്ബിളുകള്‍ ശേഖരിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിര്‍ദേശിച്ചതായി അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയില്‍ ശീതീകരിച്ച ചെമ്മീനില്‍ നിന്ന് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്.

രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ മതിയായ ഗ്യാരണ്ടി നല്‍കുന്നതുവരെ നിരോധനം തുടരുമെന്ന് എസ്‌എഫ്ഡിഎ അറിയിച്ചു.

പൊതുവേ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ( പെനൈഡ് ഷ്രിംപ്) ചെമ്മീനുകളില്‍ കണ്ടുവരുന്ന വൈറസ് രോഗമാണ് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം.ഈ രോഗം വളരെ മാരകവും പെട്ടെന്ന് തന്നെ പകരുകയും ചെയ്യുന്നതാണ്. ചെമ്മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനും ഇത് കാരണമാകും. അതേസമയം മനുഷ്യരുടെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്‌ക്കോ ഇത് ഭീഷണിയല്ല.