കരുവന്നൂരിലെ പദയാത്രയുമായി മുന്നോട്ടുപോകും; സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കും: സുരേഷ് ഗോപി


കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം താൻ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി എംപിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് താൻ ചെയർമാനായി ചുമതലയേൽക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവർക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി താത്പര്യപ്പെടുന്നില്ലെന്നും പുതിയ സ്ഥാനം നൽകിയതിൽ താരത്തിന് അമർഷമാണെന്നുമുള്ള ചില വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും മാധ്യമ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇതിനെ തുടർന്നാണ് അദ്ദേഹം തന്നെ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂരിലെ പദയാത്രയുമായി മുന്നോട്ടുപോകുമെന്നും ഗാന്ധി ജയന്തി ദിനത്തിലാണ് പദയാത്രയെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.