സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; പ്രകാശിന്റെ ആത്മഹത്യ പൊലീസ് ഗുരുതരമായി വീഴ്ചവരുത്തി; ക്രൈം ബ്രാഞ്ച്


തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.
പ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ മൊഴി അനുസരിച്ചാണ് തുടരന്വേഷണം. പ്രകാശിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായകമാകും.
അതേ സമയം പ്രകാശിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണത്തില്‍ വിളപ്പില്‍ശാല പൊലീസ് ഗുരുതരമായി വീഴ്ചവരുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ജനുവരി മൂന്നിനാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്ന പ്രകാശ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ജീവനൊടുക്കിയതെന്നായിരുന്നു സഹോദരന്‍ പ്രശാന്ത് വിളപ്പില്‍ശാല പൊലീസില്‍ നല്‍കിയ പരാതി. പ്രകാശിന്‍െറ ഫോണ്‍ മൃതദേഹത്തില്‍ നിന്നും കിട്ടിയിരുന്നില്ല. പ്രകാശിന്‍െറ മറ്റൊരു സുഹൃത്തില്‍ നിന്നും ഫോണ്‍ വിളപ്പില്‍ശാല പൊലീസ് കണ്ടെത്തിയെങ്കിലും ഇത് ശാസ്ത്രീയ പരിശോധനക്ക് അന്ന് അയച്ചില്ല. പ്രകാശിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സമഗ്രമായ അന്വേഷണം നടന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍. പ്രകാശിന് പരസ്ത്രീ ബന്ധം ആരോപിച്ച കേസ് അട്ടിമറിക്കാനാണ് അന്ന് ചിലര്‍ ശ്രമിച്ചതെന്ന് പ്രശാന്ത് ആരോപിക്കുന്നു.
കാട്ടക്കട കോടതിയില്‍ നല്‍കിയിരുന്ന പ്രകാശിന്റെ ഫോണ്‍ തിരുവനന്തപുരം സിജെഎം കോടതി വഴിയാണ് ക്രൈം ബ്രാഞ്ച് ഫൊറന്‍സിക് ലാബിലേക്ക് അയച്ചത്. കേസന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ പ്രകാശിന്റെ ഫോണില്‍ നിന്നും ലഭിക്കുമെന്ന വിശ്വാസം ക്രൈം ബ്രാഞ്ചിനുണ്ട്. പ്രശാന്തിന്‍െറ മൊഴികളില്‍ പറഞ്ഞിട്ടുള്ളകൂടുതല്‍ പേരെ ഇനി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. പ്രകാശ് മറ്റ് ചിലര്‍ക്കൊപ്പമാണ് തീയിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കൂട്ടു പ്രതികളാരൊക്കെ? പ്രകാശിന്റെ മരണത്തിന് പിന്നിലെന്താണ് ? ഈ രണ്ടുകാര്യങ്ങളില്‍ ഇനിയും വ്യക്തതവരേണ്ടതുണ്ട്.