യുവഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലില്‍ സന്ദീപിനെ നിരീക്ഷിക്കാനായി വാര്‍ഡന്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
അക്രമാസക്തനായതിനാല്‍ സെല്ലില്‍ വേറെ ആരെയും സഹതടവുകാരായി ഇട്ടിട്ടില്ല. സന്ദീപിന്റെ സംസാരവും പെരുമാറ്റവും പരസ്പര വിരുദ്ധമാണ്. അമിതമായ ലഹരി ഉപയോഗമാകാം കാരണമെന്നാണ് വിലയിരുത്തല്‍. ആരോ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി ഇടയ്ക്കിടെ ഇയാള്‍ നിലവിളിച്ചിരുന്നതായി ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
രണ്ടു ദിവസം കൂടി നിരീക്ഷിച്ചശേഷം മാനസികരോഗ വിദഗ്ധനെ കാണിക്കാമെന്നാണ് ജയില്‍ അധികൃതരുടെ വിലയിരുത്തല്‍. പ്രശ്‌നങ്ങളുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയേക്കും. ഡോക്ടറെ കുത്തിയകാര്യം ഓര്‍മയുണ്ടെന്ന് സന്ദീപ് ജയില്‍ അധികൃതരോട് പറഞ്ഞു. എന്നാല്‍ ആക്രമിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി സന്ദീപിനെ പൊലീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. സെന്‍ട്രല്‍ ജയിലിന്‍റെ പ്രവേശന കവാടത്തിന് വലതു വശത്തുള്ള സുരക്ഷാ സെല്ലിലേക്ക് വീല്‍ ചെയറിലാണ് സന്ദീപിനെ കൊണ്ടുപോയത്. ഇന്നു രാവിലെ ഏഴുമണിക്കും ജയിലിലെ ഡോക്ടര്‍ പ്രതി സന്ദീപിനെ പരിശോധിച്ചിരുന്നു.