ശബരിമല സ്വർണക്കൊള്ള കേസ്: അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ല: കെ സി വേണുഗോപാൽ

single-img
1 January 2026

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്ന വിവരം മുൻകൂട്ടി എല്ലാവർക്കും അറിയാമായിരുന്നുവെന്നും, എന്നാൽ കടകംപള്ളിയെ ചോദ്യം ചെയ്ത വിവരം നാല് ദിവസം കഴിഞ്ഞാണ് പുറത്തറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ അത് ഉടൻ തന്നെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും, ഇതിലൂടെ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ മാറ്റിവെച്ചത് എസ്ഐടിക്ക് മേൽ സമ്മർദമുണ്ടെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ നെല്ലും പതിരും തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിലും, അന്വേഷണം അനാവശ്യമായി ദിവസങ്ങളോളം നീട്ടിയതായും അദ്ദേഹം വിമർശിച്ചു.

അന്വേഷണത്തിന്റെ രീതിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഹൈക്കോടതി നിയമിച്ച അന്വേഷണസംഘമാണെങ്കിലും, അതിലെ ഉദ്യോഗസ്ഥർ കേരള സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും, ഉദ്യോഗസ്ഥർക്ക് പ്രവർത്തനപരമായ പരിമിതികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യം ചെയ്യപ്പെടുന്നവർക്ക് സൗകര്യമുള്ള രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.