ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ വി എസ് അച്യുതാനന്ദന് ആശ്വാസം

single-img
22 December 2022

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശ്വാസം.

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധി തിരുവനന്തപുരം ജില്ലാ കോടതി അസ്ഥിരപ്പെടുത്തി. അപകീര്‍ത്തി പരാമര്‍ശത്തില്‍ വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി.

തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി എസ് നല്‍കിയ അപ്പീലിലാണ് ജില്ലാ കോടതി നടപടി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.

സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്ബനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

വിഎസിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.