വിഴിഞ്ഞം; മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സര്‍ക്കാര്‍; 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചു

single-img
23 December 2022

ശക്തമായ കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി സംസ്ഥാന ധന മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു .

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. 284 കുടുംബങ്ങൾക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.

മുട്ടത്തറ വില്ലേജിൽ ക്ഷീര വികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ എട്ട് ഏക്കർ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പിൽ നിലനിർത്തിയാകും മത്സ്യബന്ധന വകുപ്പിന് കൈമാറുന്നത്