കോളിളക്കം സൃഷ്ചിച്ച അങ്കിത ഭണ്ഡാരിയുടെ കൊലപാതകം;വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തും

single-img
25 September 2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏറെ കോളിളക്കം സൃഷ്ചിച്ച അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആര്‍ ദേവി പറഞ്ഞു.റിസോര്‍ട്ടിനെ സംബന്ധിച്ച്‌ സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഡിഐജി. പറഞ്ഞു.അതേസമയം യഥാര്‍ത്ഥ മരണ കാരണം അറിയാതെ മൃതദേഹം സംസ്കരിക്കില്ല എന്ന് അങ്കിതയുടെ കുടുംബം വ്യക്തമാക്കി,

ഉത്തരാഖണ്ഡ‍ിലെ ബിജെപി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച അങ്കിത ഭണ്ഡാരി കൊലപാതക കേസില്‍ നിര്‍ണായക വാട്സാപ് ചാറ്റ് പുറത്ത്. അങ്കിത സുഹൃത്തിന‌യച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഉ‌യരുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ചാറ്റ്.

പ്രതികള്‍ അങ്കിതയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു എന്ന കാര്യം തെളിയിക്കുന്നതാണ് വാട്സാപ് സന്ദേശങ്ങള്‍. റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരിക്കെ അനുഭവിച്ച ദുരിതങ്ങള്‍ സംബന്ധിച്ചും അങ്കിത സുഹൃത്തിനയച്ച സന്ദേശങ്ങളില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിലെത്തുന്ന വിവിഐപികള്‍ക്കായി പ്രത്യേക സേവനം നല്‍കണമെന്ന് തന്നെ നിര്‍ബന്ധിച്ചുവെന്ന് അങ്കിത മെസേജില്‍ പറയുന്നു. 10000 രൂപ അധികം നല്‍കുന്ന അതിഥികള്‍ക്കാണ് ഇങ്ങനെ സേവനം നല്‍കേണ്ടതെന്നും റിസോര്‍ട്ട് ഉടമയായ പുള്‍കിത് ആര്യയും കൂട്ടാളികളും പറഞ്ഞതായും സന്ദേശങ്ങളിലുണ്ട്. വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പൊലീസ് ശേഖരിച്ചു.

മെസേജ് അയച്ചത് അങ്കിത തന്നെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ടെന്നും കൂടുതല്‍ വ്യക്തതയ്ക്കായി ഫോറന്‍സിക് പരിശോധന ഉള്‍പ്പടെ നടത്തുമെന്നും പൊലീസ് പറഞ്ഞു. റിസോര്‍ട്ടില്‍ ജോലി ചെയ്യുമ്ബോള്‍ ഒരു അതിഥി തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ച കാര്യവും അങ്കിത സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറിയിച്ചപ്പോള്‍ മദ്യപിച്ചിരുന്ന സമയത്തല്ലേ, വിട്ടുകള എന്ന് പുള്‍കിത് ആര്യ പറഞ്ഞതാ‌യും അങ്കിതയുടെ സന്ദേശത്തിലുണ്ട്. സുഹൃത്തിനയച്ച ഒരു ഓഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. റിസോര്‍ട്ടിലെ മുകള്‍നിലയിലേക്ക് തന്റെ ബാ​ഗ് കൊണ്ടുവരാന്‍ പറഞ്ഞ് കരയുന്ന അങ്കിതയുടെ ശബ്ദമാണ് ഓഡിയോ സന്ദേശത്തിലുള്ളത്.

കേസില്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്. അച്ഛനെയും മകനെയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 19 കാരിയായ അങ്കിതയുടെ മൃതദേഹം ഇന്നാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പുല്‍കിതും കൂട്ടാളികളും പൊലീസിന് നല്‍കിയ മൊഴി.