ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

single-img
22 May 2024

കോൺഗ്രസ് പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്.

എംഎൽഎയ്ക്ക് പുറമെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നും അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2022 ജൂലൈ 4നായിരുന്നു കേസിനാസ്പദമായ സംഭവം.

തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുളള യുവതിയെ എന്നും കുറ്റപത്രത്തില്‍ പറയുന്നു .

2022 സെപ്റ്റംബര്‍ 28-നായിരുന്നു പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യലഹരിയിൽ വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോകുന്ന വഴി വീണ്ടും ഉപദ്രവിച്ചുവെന്ന് യുവതി പരാതി നല്‍കി.