ബിബിസി ഓഫീസിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടി: എ.എ. റഹീം

single-img
14 February 2023

രാജ്യത്തെ ബിബിസി ഓഫീസിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരെന്ന് എഎ. റഹീം എം പി. റെയ്ഡ് നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അമിത് ഷായുടെയും മോദിയുടെയും അമിതാധികാര പ്രവണതയില്‍ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ തല കുനിക്കേണ്ടി വരികയാണെന്നും എ.എ. റഹീം മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ രാജ്യത്തിന് തന്നെ അപമാനകരമായ നടപടിയാണുണ്ടായത്. ഇത് വൈരാഗ്യം തീര്‍ക്കലാണെന്ന് പകല്‍ പോലെ വ്യക്തമാണല്ലോ. ബിബിസിക്കെതിരെ യാതൊരു അന്വേഷണവും ഇതിന് മുമ്പ് കേട്ടിട്ടില്ല. നരേന്ദ്രമോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഡോക്യുമെന്ററി വരുന്നു, ബിബിസി അത് സംപ്രേഷണം ചെയ്ത് ആഴ്ചകള്‍ക്കിടയില്‍ റെയ്ഡ്. ബിബിസിക്കെതിരെ ഇതിന് മുമ്പ് ഒരു റെയ്ഡും ഇവിടെ നടന്നിട്ടില്ല.

ഈ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. എനിക്കെതിരെ ആരും വിമര്‍ശനമുന്നയിക്കേണ്ട, അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരും അനുവദിച്ച് തന്നിട്ടില്ല എന്നാണ് മോദിയുടെ നിലപാട്. അത് ബിബിസിക്കെതിരെ മാത്രമുള്ള ഭീഷണിയല്ല, രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങള്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയുന്ന ആര്‍ക്കുമെതിരെയുള്ള ഭീഷണി കൂടിയാണ്.. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണത്’. എ.എ. റഹീമിന്റെ വാക്കുകള്‍.