പി പ്രേമചന്ദ്രനെതിരായ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം രംഗത്ത്

single-img
4 May 2023

പി പ്രേമചന്ദ്രനെതിരായ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം രംഗത്ത്.

അക്കാദമിക് കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള അവകാശത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്നതാണ് നടപടിയെന്ന് പു.ക.സ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തി. ബ്യുറോക്രാറ്റുകളാണ് എല്ലാ ചിന്തകളുടേയും അധിപന്‍മാര്‍ എന്ന ധാരണ ശരിയല്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തെ വാളുപോലെ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ സംവാദങ്ങള്‍ അടഞ്ഞു പോകുമെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു.

ഈ നിയമം കാലോചിതമായി പരിഷ്കരിക്കാന്‍ തയ്യാറാകണം.പ്രേമചന്ദ്രനെതിരായ നടപടി പിന്‍വലിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാകണം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. 2021ല്‍ കോവിഡ് മൂലം സ്കൂള്‍ തുറക്കാന്‍ വൈകിയ സാഹചര്യത്തില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പാഠഭാഗങ്ങളില്‍ അറുപത് ശതമാനം ഫോക്കസ് ഏരിയയായി നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനിടെ പരീക്ഷക്കായി ഫോക്കസ് ഏരിയക്കു പുറത്തുള്ള ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് മുന്‍ പാഠപുസ്തക കമ്മറ്റി അംഗവും ഇടത് അധ്യാപക സംഘടനാ പ്രവര്‍ത്തകനുമായ പ്രേമചന്ദ്രന്‍ ഫേസ് ബുക്കിലിട്ട കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.

ഇതിന്‍റെ പേരില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന തരത്തില്‍ വിമര്‍ശനം ശക്തമായി. ഇതിനെത്തുടര്ന്ന് നടപടി ഉണ്ടായേക്കില്ലെന്ന സൂചനയായിരുന്നു വിദ്യാഭ്യാസ മന്ത്രിയും നല്‍കിയിരുന്നത്. ഇതിനിടയിലാണ് വിരമിക്കാനിരിക്കെ പ്രേമചന്ദ്രനെതിരെ നടപടിയെടുത്തു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

സര്‍ക്കാരിന്‍റെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച്‌ രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ആശങ്ക വളര്‍ത്തി സര്‍ക്കാരിനെതിരായി തിരിക്കാന്‍ ശ്രമിക്കുകയാണ് പ്രേമചന്ദ്രന്‍ ചെയ്തതെന്നാണ് ശിക്ഷാ നടപടി സംബന്ധിച്ച്‌ പൊതു വിദ്യാഭ്യാസ ഡയറക്ടറിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളാ സിവില്‍ സര്‍വീസ് റൂള്‍ പ്രകാരം ശാസിക്കുന്നതായാണ് ഉത്തരവില്‍ പറയുന്നത്. ഈ ശിക്ഷാ വിധി ചരിത്രരേഖയാകുമെന്ന് പ്രേമചന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി അവസാന നിമിഷം വരെ ഉറച്ചു നില്‍ക്കാനും സാധിച്ചുവെന്നും ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. പ്രേമചന്ദ്രനെതിരായ നടപടിക്കെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തി. അഭിപ്രായത്തിന് വേണ്ടി വാദിക്കുന്ന ഇടതു പക്ഷം വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് അക്കാദമിക കാര്യങ്ങള്‍ സംസാരിച്ചതിന്‍റെ പേരില്‍ പ്രേമചന്ദ്രനെതിരെ നടപടി എടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് എ എച്ച്‌ എസ് ടി എ വ്യക്തമാക്കി.