അദാനിക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നത് വരെ പ്രതിഷേധം; പാര്‍ലമെന്‍റ് രണ്ടാം ദിനവും സ്തംഭിച്ചു

single-img
3 February 2023

ദില്ലി: അദാനിക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ തീരുമാനം.

അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ പാര്‍ലമെന്‍റ് രണ്ടാം ദിനവും സ്തംഭിച്ചു. എന്നാല്‍ ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കര്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ച‍ര്‍ച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ-രാജ്യസഭ അധ്യക്ഷന്മാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ലോകസഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോകസഭ സ്പീക്കര്‍ ഓംബിര്‍ള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു.

സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. പതിനാറ് പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം. നാളെ വീണ്ടും സഭചേരുമ്ബോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരും.