ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതും ഐഎംഎ; ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍

single-img
16 June 2023

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍. ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഐഎംഎ വഹിക്കുന്ന പങ്ക് വളരെയധികമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബെന്യാമിന്റെ പരാമര്‍ശം. 2018ല്‍ ശരീര ശാസ്ത്രം നോവലിനെതിരെ രംഗത്ത് വന്ന ഐഎംഎ സെക്രട്ടറിയായിരുന്ന സുല്‍ഫി നൂഹുവിനെതിരെയും ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചു. 

ബെന്യാമിന്‍ പറഞ്ഞത്: ”സുല്‍ഫി നൂഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ പുതിയ ഉഡായിപ്പ് ന്യായീകരണവും കൊണ്ട് ഇറങ്ങുമോ? ഡോക്ടറുമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഈ സംഘടന വഹിക്കുന്ന പങ്ക് വളരെയധികമാണ്. ചികിത്സ പിഴവ് കാരണം ഞാന്‍ ദുരിതം അനുഭവിച്ച ഒരു കാലത്ത് ആ ഡോക്ടര്‍ പറഞ്ഞത്, നീ ഏത് കോടതിയില്‍ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും എന്നായിരുന്നു. ഇതാണ് ഇവരുടെ കരുത്ത്.”

അതേസമയം, അവയവദാന കേസില്‍ വിശദീകരണവുമായി ലേക് ഷോര്‍ ആശുപത്രി രംഗത്തെത്തി. ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. അപകടത്തില്‍ പരിക്കേറ്റെത്തിച്ച ഉടുമ്പന്‍ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം  നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ.എച്ച് രമേഷ് വ്യക്തമാക്കി. രോഗി ആശുപത്രിയിലെത്തുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണ മണികള്‍ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്‌കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാര്‍ശ ചെയ്തതെന്നുമാണ് ഡോ. എച്ച് രമേഷ് വിശദീകരിക്കുന്നത്. 

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഉടുമ്പന്‍ചോല സ്വദേശി എബിന് ചികിത്സ നല്‍കിയതിലും എബിന്റെ അവയവദാനം നടത്തിയതിലും അപാകത കണ്ടെത്തിയാണ് കൊച്ചി ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തത്. എബിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 

2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തില്‍ ദൂരൂഹത ആരോപിച്ച്  കൊല്ലം സ്വദേശിയായ  ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്ന് കോടതിയും വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നല്‍കിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി.