സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച്‌ പരസ്യമായി രംഗത്ത് എത്തിയതിന് പ്രമുഖ ഇറാനിയന്‍ നടിമാര്‍ അറസ്റ്റില്‍

single-img
21 November 2022

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച്‌ പരസ്യമായി രംഗത്ത് എത്തിയതിന് പ്രമുഖ ഇറാനിയന്‍ നടിമാര്‍ ആറസ്റ്റില്‍.

ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചതിന് നടിമാരായ ഹെന്‍ഗാമെ ഗാസിയാനി, കതയോന്‍ റിയാഹി എന്നിവരാണ് അറസ്റ്റിലായത് എന്നാണ് ഇര്‍ന വാര്‍ത്താ ഏജന്‍സി പറയുന്നത്.

ഇറനില്‍ ഉയരുന്ന പ്രക്ഷോഭത്തെ അനുകൂലിച്ച്‌ ഈ രണ്ട് സ്ത്രീകളും ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു ഇത്. സെപ്റ്റംബറില്‍ പോലീസ് കസ്റ്റഡിയില്‍ മഹ്സ അമിനി എന്ന യുവതി മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ അടക്കം നേടിയ നടിമാരായ ഹെന്‍ഗാമെ ഗാസിയാനി, കതയോന്‍ റിയാഹി എന്നിവരെ ഇറാന്റെ പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ ഉത്തരവനുസരിച്ചാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത് എന്നാണ് ഇര്‍ന റിപ്പോര്‍ട്ട് പറയുന്നത്.

“എന്ത് സംഭവിച്ചാലും, എല്ലായ്പ്പോഴും എന്നപോലെ ഞാന്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയുക, ഇതായിരിക്കാം എന്റെ അവസാന പോസ്റ്റ്,” എന്ന് ഹെന്‍ഗാമെ ഗാസിയാനി അറസ്റ്റ് നടന്നുവെന്ന വാര്‍ത്ത വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പിട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപത്തില്‍ അണിനിരക്കുന്ന പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ച ഇറാനിയന്‍ പൊതുപ്രവര്‍ത്തകരില്‍ പ്രമുഖരാണ് ഈ നടിമാര്‍. ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ എഹ്‌സാന്‍ ഹജ്‌സഫി, “നമ്മുടെ രാജ്യത്തെ സാഹചര്യങ്ങള്‍ ശരിയല്ലെന്നും നമ്മുടെ ആളുകള്‍ സന്തുഷ്ടരല്ലെന്നും അംഗീകരിക്കണം” എന്ന് ഞായറാഴ്ച അഭിപ്രായപ്പെട്ടത് വാര്‍ത്തയായിരുന്നു.

സ്വന്തം രാജ്യത്ത് പ്രതിഷേധം അക്രമാസക്തമായി അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് സ്പെയിനിലെ ഒരു ടൂര്‍ണമെന്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ ബോക്സിംഗ് ഫെഡറേഷന്റെ തലവന്‍ ഹുസൈന്‍ സൂരി പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ സേനയുടെ ആക്രമണത്തില്‍ 400 ഓളം പ്രക്ഷോഭകാരികള്‍ ഇതുവരെ കൊല്ലപ്പെടുകയും 16,800 പേരെ അറസ്റ്റിലാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിദേശ ശത്രുക്കള്‍ സംഘടിപ്പിക്കുന്ന കലാപമാണ് പ്രതിഷേധമെന്ന് ഇറാന്‍ നേതാക്കള്‍ പറയുന്നത്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതിഷേധക്കാരെ ഇതുവരെ ഇറാന്‍ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്‌ 22 കാരിയായ മഹ്സ അമിനിയെ തലസ്ഥാനമായ ടെഹ്‌റാനില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16 ന് മഹ്സ അമിനി കൊല്ലപ്പെടുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ അവളെ ബാറ്റണ്‍ കൊണ്ട് അടിക്കുകയും വാഹനത്തില്‍ തലയിടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ പോലീസ് അവളോട് മോശമായി പെരുമാറി എന്ന ആരോപണം നിഷേധിക്കുകയും മഹ്സ അമിനി ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നുമാണ് അവകാശപ്പെട്ടത്.