ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് വിധേയമാകണം; നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആർഎസ്എസ് മേധാവിക്ക് കത്തയച്ച് പ്രിയങ്ക് ഖാർഗെ

രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും സംഘടനയുടെ നിയമപരമായ പദവി, സാമ്പത്തിക ഉറവിടങ്ങള്‍, വരുമാനം, ചെലവ്, സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് കത്തയച്ചു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് വിധേയവുമാകണമെന്നാണ് മന്ത്രിയുടെ ആവശ്യം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രിയങ്ക് ഖാര്‍ഗെ ഇക്കാര്യം ഉന്നയിച്ചത്. സംഘടന നൂറ് വര്‍ഷം പൂര്‍ത്തിയായതിന് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് കത്ത്. അതേസമയം, സംഘടനയുടെ നിയമപരമായ പദവിയെക്കുറിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ കത്ത് പങ്കുവെച്ച പ്രിയങ്ക് ഖാര്‍ഗെ, ഇന്ത്യയിലും വിദേശത്തുമായി 60,000ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന സുതാര്യതയും ഉത്തരവാദിത്തവും ഭരണഘടനാപരമായ അനുസരണയും പാലിക്കേണ്ട ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരം ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ ഭരണഘടനാപരമായ ആത്മപരിശോധനയ്ക്കും ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിവരങ്ങളും വെളിപ്പെടുത്തുകയും ബാധകമായ എല്ലാ നികുതികളും അടയ്ക്കുകയും ഇന്ത്യന്‍ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംഘടനയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരിക്കും രാജ്യത്തിന് നല്‍കുന്ന ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ, അഖില ഭാരതീയ പ്രതിനിധി സഭയുടെ 2025-26 കര്‍ണാടക റിപ്പോര്‍ട്ടും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ പരമോന്നത തീരുമാനമെടുക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയില്‍ 4,127 ദൈനംദിന ശാഖകളും 1,389 പ്രതിവാര മിലനുകളും 60 പ്രതിമാസ മണ്ഡലികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതോടൊപ്പം, സംസ്ഥാനത്ത് 2,194 സാമൂഹിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതില്‍ ഏകദേശം 19.61 ലക്ഷം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 2.21 ലക്ഷം യൂണിഫോം ധരിച്ച പ്രവര്‍ത്തകര്‍ പങ്കെടുത്ത 562 റൂട്ട് മാര്‍ച്ചുകളും സംഘടിപ്പിച്ചതായി ഖാര്‍ഗെ വ്യക്തമാക്കി.


