പ്രധാനമന്ത്രിയുടെ ബിരുദം; വിവരങ്ങൾ കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി

single-img
31 March 2023

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016-ൽ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്.

കേസിൽ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി. പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. 2016-ലായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.

പക്ഷെ സർവകലാശാലയെ കേൾക്കാതെ കമ്മീഷന്റെ ഉത്തരവെന്നും ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്