12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

single-img
24 April 2024

യെമനിൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്.യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ യെമൻ സമയം ഉച്ചയോടെയാണ് അമ്മകണ്ടത്.ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കുവേണ്ടിയാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്.കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ഇനി ആരംഭിക്കേണ്ടത്.

ഇതോടൊപ്പം നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അവിടെയുള്ള സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടന്നേക്കും.ശരീയത്ത് നിയമ പ്രകാരമുളള “ബ്ലഡ് മണി’ (34 കോടി) കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാലേ നിമിഷപ്രിയയെ മോചിപ്പിക്കാനാകു.

2017 ജൂലൈ 25നായിരുന്നു യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി എത്തിയ ഇയാൾ നിമിഷയുടെ പാസ്പോർട്ട് പിടിച്ചുവച്ച് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

വളരെ ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്ന് ഇയാൾക്ക് കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. ഇതിനായി സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.