അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്


അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖിലിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്.
കടം വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുചോദിക്കുമെന്ന ആശങ്കയില്‍ ആതിരയെ കൊലപ്പെടുത്തിയെന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ആതിര സ്വര്‍ണവും പണവും തിരിച്ചു ചോദിച്ചിട്ടില്ലെന്നും അഖില്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതാണ് പൊലീസിനെ കുഴക്കുന്നത്.
ഭാവിയില്‍ സ്വര്‍ണവും പണവും തിരിച്ചു ചോദിക്കുമെന്ന ആശങ്കയില്‍ ഒരാള്‍ കൊലപാതകം നടത്തിയെന്നത് പൂര്‍ണമായും വിശ്വസിക്കാവുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. അഖിലാണെങ്കില്‍ മറ്റു കുറ്റകൃത്യ ചരിത്രമൊന്നും ഇല്ലാത്തയാളാണ്. ഇങ്ങനെയൊരാള്‍ ആസൂത്രിതമായി ഇത്തരമൊരു കൊല നടത്താനുള്ള സാധ്യത എത്രത്തോളമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വനത്തിനുള്ളില്‍ വച്ച് എന്താണ് സംഭവിച്ചിരിക്കുകയെന്നതില്‍ വിവരം ലഭിക്കുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ ഭിന്നതയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ആതിര അഖിലിനൊപ്പം പോവാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്. വനത്തിനുള്ളില്‍ മറ്റെന്തെങ്കിലും സംഭവിച്ചിരിക്കാനും അതില്‍ ഇവര്‍ രണ്ടു പേരും അല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടായിരിക്കാനുമുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വിശദമായ അന്വേഷണത്തിലേ ഇക്കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലിസ് പറയുന്നു.
ഒരാഴ്ച മുമ്ബാണ് കൊല്ലപ്പെട്ട അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര(26)യെ കാണാതാകുന്നത്. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു അഖിലും ആതിരയും. വേറെ വിവാഹം കഴിച്ച ഇരുവര്‍ക്കും കുട്ടികളുമുണ്ട്. അഖില്‍ പണയം വെയ്ക്കാനായി ആതിരയില്‍നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു ചോദിക്കുമെന്ന ആശങ്കയില്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് അഖിലിന്റെ മൊഴി.
അതിരപ്പിള്ളിയിലേക്ക് വിനോദയാത്രപോകാമെന്ന് പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചു. ഏപ്രില്‍ 29ന് രാവിലെ ഭര്‍ത്താവ് സനല്‍ ആണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. ഇവിടെ നിന്നും ആതിര പെരുമ്ബാവൂര്‍ വല്ലം ഭാഗത്തേക്കാണ് പോയത്. റെന്റ് എ കാര്‍ വിളിച്ച് കാത്തുനിന്ന അഖില്‍ ആതിരയുമായി അതിരപ്പിള്ളിയിലെത്തി. തുമ്ബൂര്‍മുഴി വനത്തിന് സമീപം പ്രധാനറോഡില്‍ വാഹനം നിര്‍ത്തി ഇരുവരും പിന്നീട് വനത്തിനുള്ളിലേക്ക് പോയി.
ഇവിടെ ഒരുപാറക്കെട്ടിന് സമീപം അല്‍പ്പനേരം ഒരുമിച്ചിരുന്നു. തുടര്‍ന്നാണ് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടുകയും ചെയ്തു. ഇതിനുശേഷം മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിട്ടുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നരീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ആതിരയെ കാണാതായ ശേഷം അഖിലിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ‘അഖിയേട്ടന്‍’ എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്.