സന്ദീപ് ആക്രമണത്തിന് മുന്‍പ് ഫോണില്‍ വിഡിയോ എടുത്തിരുന്നതായി പൊലീസ്

single-img
11 May 2023

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് ആക്രമണത്തിന് മുന്‍പ് ഫോണില്‍ വിഡിയോ എടുത്തിരുന്നതായി പൊലീസ്.

വിഡിയോ ഒരു സുഹൃത്തിന് അയച്ചു നല്‍കിയിരുന്നു. ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുടെ ഫോണ്‍ പരിശോധിക്കും. തെളിവുകള്‍ ഫോണിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും.

പ്രതി ആദ്യം ആക്രമിച്ചത് ഡോക്ടര്‍ വന്ദനയെയാണ് എന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത് എന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനേയും പൊലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പൊലീസ് പറഞ്ഞിരുന്നത്.

ബഹളം കേട്ട് ഇവിടേക്ക് എത്തിയ ഡോ. വന്ദനയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് എഫ്‌ഐആര്‍. ഡ്രസ്സിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക സന്ദീപ് പെട്ടെന്ന് കൈക്കലാക്കുകയും വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ ‘നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ’ എന്ന് ആക്രോശിച്ച്‌ പിന്തുടര്‍ന്നു.

ഒബ്‌സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറി ഡോക്ടറെ നിരവധി പ്രവശ്യം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് അവശയായി തറയില്‍ വീണ ഡോക്ടറെ പ്രതി തറയിലിട്ട് വീണ്ടും കുത്തി. ഇത് കണ്ട് തടയാനെത്തിയ പൊലീസുകാരേയും ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും പ്രതി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അടിച്ച്‌ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നുണ്ട്.