നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി

single-img
26 January 2023

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി.

വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛന്‍ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുമ്ബോള്‍ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച്‌ ഒ, സംഭവ ദിവസം സ്റ്റേഷന്‍ ചാര്‍ജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു.

പോക്സോ കേസ് പ്രതികളുടെ ചിത്രം ചോര്‍ത്തി നല്‍കിയ സംഭവത്തിലും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളില്‍ നില്‍ക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്ബ് ചിത്രങ്ങള്‍ പ്രചരിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സും, സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും.