സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും;പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങാനിരിക്കെ മലപ്പുറത്ത്‌ പ്രതിസന്ധി തുടരുകയാണ്

single-img
5 July 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും.

സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി. കാസർകോട് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ക്യാംപുകൾ തുറന്ന സ്കൂളുകൾക്കും അവധിയാണ്. ഇവിടങ്ങളിൽ അടുത്ത ദിവസങ്ങളിലായിരിക്കും ക്ലാസുകൾ ആരംഭിക്കുക.

മലപ്പുറത്ത് പ്രതിസന്ധി

പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങാനിരിക്കെ മലപ്പുറത്ത്‌ പ്രതിസന്ധി തുടരുകയാണ്. വിദ്യാർത്ഥികൾ പണം കൊടുത്ത് പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയും, വിഎച്ച്എസ്ഇ പോലുള്ള മറ്റ് കോഴ്‌സുകളിലെ സീറ്റുകളും പരിഗണിച്ചാൽ പോലും പതിനയ്യായിരത്തോളം പേർ പുറത്താണ്. മലപ്പുറത്ത്‌ പ്ലസ് വണ്ണിനായി അപേക്ഷിച്ചവർ 81022 പേരാണ്. 47424 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 33598 പേർ സീറ്റ് കിട്ടാതെ പുറത്താണ്‌. എയ്ഡഡ് സ്കൂളിലെ കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വോട്ട, സാമ്പത്തിക ഭാരത്തോടെ പഠിക്കേണ്ട അൺ എയ്ഡഡ് മേഖല, ഐടിഐ, പോളി ടെക്നിക്, വിഎച്ച്എസ്ഇ തുടങ്ങിയ മറ്റു കോഴ്‌സുകളുടെയും സീറ്റുകൾ പരിഗണിച്ചാൽ പോലും 15000 പേർ പുറത്താകും. സാമ്പത്തിക ബാധ്യത കാരണം പല കുട്ടികളും അണ് എയ്ഡഡ് സീറ്റുകൾ തെരെഞ്ഞെടുക്കാറില്ല.

ഓപ്പൺ സ്കൂൾ വഴി പ്ലസ് വൺ പഠനം നടത്തുകയാണ് വിദ്യാർത്ഥികളുടെ മുന്നിലുള്ള വഴി. എല്ലാ വഴിയും അടഞ്ഞപ്പോൾ കഴിഞ്ഞ വർഷവും ആയിരക്കണക്കിന് കുട്ടികൾ ഓപ്പൺ സ്കൂൾ സംവിധാനം വഴിയാണ് പഠിച്ചത്. കൂടുതൽ ബാച്ചുകൾ ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ അധിക താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്.