ഡിസംബറിൽ വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

single-img
9 July 2024

വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും വീണ്ടും ഒരിക്കൽ കൂടി കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. 2023 ൽ നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. ഇതിന്റെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു.

പരിപാടിയുടെ ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി. 2023 ലെ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം.

എന്നാൽ പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയില്ല. അവസാനം നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വന്നിട്ടത്.