പ്രതിപക്ഷ നേതാവാകാൻ പിണറായി തന്നെ മികച്ചത്; എം.വി. ഗോവിന്ദൻ രാജിവെക്കണം: ടി.കെ. ഗോവിന്ദൻ

single-img
7 June 2026

സിപിഎം വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ തന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള രാഷ്ട്രീയ പരിചയവും നേതൃത്വ ശേഷിയും അദ്ദേഹത്തിനുണ്ടെന്നും, എന്നാൽ പ്രവർത്തന ശൈലിയിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയനിൽ മാത്രം ചുമത്താനാകില്ലെന്നും, അത് സിപിഎമ്മിന്റെ കൂട്ടായ പരാജയമാണെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. പിണറായി വിജയന് ഉത്തരവാദിത്തമില്ലെന്നല്ല, എന്നാൽ പരാജയത്തിന് പിന്നിൽ പാർട്ടിയുടെ സമഗ്രമായ വീഴ്ചകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനം ഒഴിയണമെന്ന് ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. പരാജയത്തിന് കാരണമായ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് ജനങ്ങൾക്കിടയിൽ വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ സ്വജനപക്ഷപാതം നടന്നുവെന്നും, അതിനെതിരെ പാർട്ടിക്കുള്ളിൽ വ്യാപക എതിർപ്പുണ്ടായിരുന്നുവെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു. പാർട്ടി സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഉൾപ്പെടെ വിവിധ ഘടകങ്ങൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടും നേതൃത്വം അത് പരിഗണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

തളിപ്പറമ്പിലെ തന്റെ വിജയം പാർട്ടിയിലെ ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരായ ജനവിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉൾപ്പാർട്ടി ജനാധിപത്യം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണെങ്കിലും, അതിന്റെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി വിട്ടത് മാനസികമായി വിഷമമുണ്ടാക്കിയെങ്കിലും തീരുമാനത്തിൽ കുറ്റബോധമില്ലെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.

ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതവും സൗഹൃദങ്ങളും പാർട്ടിയുമായി ബന്ധപ്പെട്ടതാണെങ്കിലും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് താൻ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ഇല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടൊപ്പം ജീവിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റായി തന്നെ മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.