നൂറ് വയസ്സുള്ള മുഖ്യമന്ത്രി വിഎസ് നടന്ന് കയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വച്ചു: രമേശ് ചെന്നിത്തല

single-img
13 September 2023

യാതൊരു ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സംസ്ഥാന സർക്കാർ ഇത് പോലെ വേറെ ഇല്ലന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസപ്രമേയചർച്ചയിലാണ് ചെന്നിത്തലയുടെ പരാമർശം. നൂറ് വയസ്സുള്ള മുഖ്യമന്ത്രി വിഎസ് നടന്ന് കയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വച്ചു. കരുണാകരൻ അസുഖ ബാധിതനായപ്പോഴാണ് ക്ലിഫ് ഹൗസിൽ നീന്തൽ കുളം ഉണ്ടാക്കിയത്. അവിടെ പട്ടിയെ കുളിപ്പിക്കുമെന്നാണ് നയനാർ പറഞ്ഞിരുന്നത്. ഇപ്പോൾ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പിണറായി എന്തുകൊണ്ട് നായനാരുടെയും അച്യുതാനന്ദന്റെയും മാതൃകയിൽ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നില്ലെന്നും അതിൻറെ കാരണം ഞങ്ങൾക്ക് ഇന്നു മനസ്സിലായെന്നും ലാവ്ലിൻ കേസ് മാറ്റിവച്ചത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പറഞ്ഞു. നിങ്ങൾ തമ്മിലുള്ള അന്തർധാര വ്യക്തമായെന്നും കേരളം നിങ്ങൾ കുളം തോണ്ടിയെന്നും ഭാവി തലമുറ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

അതേസമയം കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്ന ധനമന്ത്രിയുടെ ആരോപണത്തിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. വിളിക്കേണ്ട രീതിയിൽ വിളിച്ചാൽ എംപിമാർ സഹകരിക്കുമെന്നും എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിക്കുന്നത് ഓൺലൈൻ വഴിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.