‘പേട്രിയറ്റ്’; അഞ്ച് ദിവസം കൊണ്ട് 70 കോടി ക്ലബ്ബിൽ

single-img
6 May 2026

മോഹൻലാലും മമ്മൂട്ടിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുന്നു. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ ചിത്രത്തിന്റെ കളക്ഷനിൽ നേരിയ കുറവ് രേഖപ്പെടുത്തി. അഞ്ചാം ദിവസം 1826 ഷോകളിൽ നിന്നായി 1.50 കോടി രൂപയാണ് ചിത്രം നേടിയത്. മുൻ ദിവസത്തെ അപേക്ഷിച്ച് 11.8 ശതമാനത്തിന്റെ കുറവാണിത്. എങ്കിലും അഞ്ച് ദിവസം കൊണ്ട് ആഗോളതലത്തിൽ 70 കോടി എന്ന മികച്ച നേട്ടത്തിലേക്ക് ചിത്രം എത്തിയിട്ടുണ്ട്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ഇതുവരെ 28.83 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. വിദേശ വിപണിയിൽ നിന്ന് 41.50 കോടി രൂപയും ചിത്രം നേടി. ആഗോളതലത്തിൽ ആദ്യദിനം 29.1 കോടി രൂപ നേടിയ പേട്രിയറ്റിന്, ആദ്യദിനം 69 കോടി വാരിക്കൂട്ടിയ ‘എമ്പുരാന്റെ’ റെക്കോർഡ് മറികടക്കാനായില്ല. എങ്കിലും സൂപ്പർതാരങ്ങളുടെ സാന്നിധ്യം തിയറ്ററുകളിൽ ചലനമുണ്ടാക്കുന്നുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ്. മികച്ച താരനിരയും സാങ്കേതിക മികവും ഉണ്ടായിട്ടും സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്നത് വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷനെ എങ്ങനെ ബാധിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.