ശബരിമല ശ്രീകോവിൽ മേൽക്കൂരയുടെ ചോർച്ചയടച്ചു

single-img
4 September 2022

ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച അടയ്ക്കുന്ന ജോലികൾ പൂർത്തിയായി. പി.പി.അനന്തനാചാരിയുടെ നേതൃത്വത്തിലായിരുന്നു പണി.ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു എങ്കിലും ശ്രീകോവിലിൽ ചോർച്ചയുണ്ടായില്ല.

സ്വർണപ്പാളികൾ ചേരുന്ന ഭാഗം ഒട്ടിക്കാൻ ഉപയോഗിച്ച പശ ഇളകിയതായിരുന്നു ചോർച്ചയുടെ കാരണം. പതിമൂന്നിടങ്ങളിൽ ആയിരുന്നു ചോർച്ച കണ്ടെത്തിരിയിരുന്നത്.

ചോർച്ചയടക്കലിന്റെ ഭാഗമായി മേൽക്കൂരയിലെ സ്വർണപ്പാളികൾ ഉറപ്പിച്ച തുരുമ്പിച്ച ആണികൾ മാറ്റി പുതിയവ ഘടിപ്പിച്ചു. ഒരിഞ്ചിന്റേതിനു പകരം ഒന്നര ഇഞ്ചിന്റെ ആണിയാണു പുതുതായി സ്ഥാപിച്ചത്. കാലപ്പഴക്കത്താൽ ഇളകിപ്പോയ സിലിക്കൺ പശയ്ക്ക് പകരം പുതിയ പശയും ഒട്ടിച്ചു.

തിരുവാഭരണം കമ്മിഷണർ ജി.ബൈജു, ചീഫ് എൻജിനിയർ ആർ. അജിത്കുമാർ, വിജിലൻസ് എസ്. പി സുബ്രഹ്മണ്യം, എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, എക്സിക്യുട്ടീവ് എൻജിനിയർ രഞ്ജിത്ത് ശേഖർ, ഹൈക്കോടതി നിരീക്ഷകൻ എ.എസ്.പി. കുറുപ്പ് എന്നിവർ മേൽനോട്ടം വഹിച്ചു.