മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

single-img
21 July 2023

ദില്ലി: മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സഭ നടപടികള്‍ സ്തംഭിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബഹളം വയക്കുന്നതിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കുറ്റപ്പെടുത്തി.

ലോക്സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം മണിപ്പൂരില്‍ അടിയന്തര  ചര്‍ച്ചയാവശ്യപ്പെട്ടു. പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നിയന്ത്രിക്കാന്‍ സ്പീക്കര്‍ വടിയെടുത്തെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് മന്ത്രി രാജ് നാഥ് സിംഗ് എഴുന്നേറ്റ് ചര്‍ച്ചയുണ്ടാകുമെന്നും, സര്‍ക്കാര്‍ തന്നെ ചര്‍ച്ചയാഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ അപലപിച്ചു. നടപടികളിലേക്ക് കടന്ന രാജ്യസഭയും പെട്ടെന്ന് പ്രക്ഷുബ്ധമായി. ബഹളം വച്ച പ്രതിപക്ഷത്തെ ഇരുത്താന്‍ ചെയര്‍മാന്‍ ജഗധീപ് ധന്‍കര്‍ ശ്രമിച്ചെങ്കിലും തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനടക്കം നേര്‍ക്ക് നേര്‍ പോര്‍ വിളിച്ചു.

മണിപ്പൂരില്‍ പ്രതിപക്ഷം നിലപാട് ശക്തമാക്കുമ്പോള്‍, ഭരണപക്ഷവും തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം കലാപങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരിക്കുകയാണ്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും, ഛത്തീസ്ഗഡിലെയും സാഹചര്യങ്ങളെ താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. അതേസമയം മണിപ്പൂരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ സംയുക്ത പ്രതിപക്ഷ സഖ്യം ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന എംപിമാരും മുഖ്യമന്ത്രിമാരും സംഘത്തിലുണ്ടാകും.