കേരളോത്സവത്തിലെ പഞ്ചഗുസ്തി; കയ്യൊടിഞ്ഞ പെൺകുട്ടിക്ക് ചികിത്സാ സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ മുഖവിലക്കെടുക്കാതെ പഞ്ചായത്ത് 

single-img
1 September 2023

കുന്ദമംഗലം: കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ കയ്യൊടിഞ്ഞ പെൺകുട്ടിക്ക് ചികിത്സാ സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ മുഖവിലക്കെടുക്കാതെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്. കാരന്തൂർ സ്വദേശിനി ദിയ അഷ്റഫിന് കയ്യിന്റെ ചലന ശേഷി പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. സംഘാടനത്തിലെ പിഴവ് മൂലം 19 വയസുള്ള ദിയ മല്‍സരിച്ചത് 39 വയസുകാരിയുമായായിരുന്നു.

കുന്ദമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ ഉണ്ടായ അപകടമാണ് മൗണ്ടൻ സൈക്കിളിങ്ങിലെ ജില്ലാ ചാന്പ്യനായ സ്കൂളിലെ സ്പോർട്സ് താരമായിരുന്ന ദിയയുടെ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളി വിട്ടത്. അപകടം കഴിഞ്ഞ് ഒരു വർഷമായിട്ടും പേന പിടിച്ചെഴുതാൻ പോലും പറ്റാത്ത സ്ഥിതിയാണ് പെണ്‍കുട്ടി നേരിടുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ആറു ദിവസമാണ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രി വാസത്തിന് പിന്നാലെ രണ്ടുമാസത്തോളമാണ് വിശ്രമം വേണ്ടി വന്നത്. ഇക്കാലത്ത് ദിവസം 500 രൂപ ചെലവിൽ ഫിസിയോ തെറാപ്പിയും ചെയ്യേണ്ടി വന്നു.

അപകടം നടന്ന ശേഷം പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കാതെ വന്നതോടെ ചികിത്സാചെലവ് താങ്ങാനാവാതെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദിയയുടെ ഉമ്മ ഷാജിറ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. പരാതിയില്‍ അനുകൂല നടപടിയുണ്ടായി. നഷ്ടപരിഹാരം നൽകാൻ ഉത്തരവും. അതുകഴിഞ്ഞ് ആറുമാസമായിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയും കുടുംബവും പറയുന്നു. 

മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവുമായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പ്രതികാര മനോഭാവത്തോടെയായിരുന്നു പഞ്ചായത്തിന്‍റെ പെരുമാറ്റമെന്ന് ദിയയുടെ മാതാവ് ഹാജിറ പറയുന്നു. സര്‍ക്കാരിലേക്ക് അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കാമെന്നാണ് പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചതെന്നും ഹാജിറ പറയുന്നു. 

എന്‍സിസി കേഡറ്റായ ദിയയ്ക്ക് പട്ടാളത്തിൽ ചേരണമെന്നാണ് ആഗ്രഹം. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കണം. എല്ലുകൾ കൂടിച്ചേർന്ന ശേഷം കയ്യിലിട്ട കന്പി എങ്ങനെയെങ്കിലും മാറ്റണമെന്നാണ് ദിയയുടെ ആഗ്രഹം. ആ സർജറിക്ക് മുന്പെങ്കിലും അവകാശപ്പെട്ട പണം പ‌ഞ്ചായത്ത് ഉടൻ നൽകണമെന്ന് മാത്രമാണ് ഇവരുടെ ആവശ്യം. തുടർ ചികിത്സക്ക് ഇവർക്കിനി ചികിത്സാസഹായം ഇല്ലാതെ കഴിയില്ല.