ബജറ്റ് സമ്മേളനത്തില്‍ പിണറായി സര്‍ക്കാറിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം

single-img
23 January 2023

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പിണറായി സര്‍ക്കാറിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

‘ഗവര്‍ണര്‍-സര്‍ക്കാര്‍ ഭായ് ഭായ്’ എന്ന് പരിഹസിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.

ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളി, സംഘ്പരിവാറും സി.പി.എമ്മും ഒരേ തൂവല്‍പക്ഷികള്‍ തുടങ്ങിയയ പ്ലക്കാര്‍ഡുകള്‍ എഴുന്നേറ്റ് നിന്ന് ഉയര്‍ത്തിപിടിച്ചും മേശപ്പുറത്ത് വെച്ചുമായിരുന്നു പ്രതിഷേധം.

സര്‍ക്കാറുമായി ഏറെനാളായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ അനുരഞ്ജനത്തിന്‍റെ പാതയിലാണെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് നയപ്രഖ്യാപനത്തിനായുള്ള അദ്ദേഹത്തിന്‍റെ സഭാപ്രവേശനം. നയപ്രഖ്യാപനം ഒഴിവാക്കി സഭാസമ്മേളനം നടത്താന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് മഞ്ഞുരുക്കത്തിന് വഴി തുറന്നത്. അതേസമയം, കഴിഞ്ഞ സമ്മേളനം പാസാക്കിയ സുപ്രധാന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല.

പതിനഞ്ചാം നിയമസഭയുടെ നിയമസഭയുടെ എട്ടാം സമ്മേളനത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായത്. നയപ്രഖ്യാപനത്തിനു ശേഷം ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറു മുതല്‍ എട്ടു വരെ ബജറ്റ് പൊതുചര്‍ച്ച.

മാര്‍ച്ച്‌ 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍റെ പ്രധാന അജണ്ട അടുത്ത സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ 22 വരെ 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ചയാണ്. രണ്ടു ധനവിനിയോഗബില്ലുകളും സമ്മേളനം പാസാക്കും.